കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ് ഡ്രൈവര്‍ പിടിയില്‍; വടകരയിൽ രണ്ടു പേരുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു
കോഴിക്കോട്: ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി ഇജാസാണ് പിടിയിലായത്. കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു കാര്‍ യാത്രക്കാരന് നേരെ ബസ് ജീവനക്കാരുടെ ആക്രമണം. ഡ്രൈവര്‍ ഇജാസ് കാര്‍ ഓടിച്ച ബിപിന്‍ലാലിന്‍റെ മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. പുറത്ത് വന്ന ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇജാസിനെ അറസ്റ്റ് ചെയ്തത്.
ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും പൊലിസ് അറിയിച്ചു. കണ്ടക്ടര്‍ അടക്കമുള്ള രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതിക്രമമുണ്ടാക്കിയ ബസ് രാവിലെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു
വടകര കുട്ടോത്ത് കാര്‍ യാത്രക്കാരനായ സാജിദിനെ ആക്രമിച്ച കേസില്‍ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ഒരു മാസത്തേക്ക് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. വി.പി. ലിനേഷ്, പി.ടി ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതിനൊപ്പം മോട്ടോര്‍വാഹനവകുപ്പിന്‍റെ പരിശീലനക്ലാസില്‍ പങ്കെടുക്കുകയും വേണം.