തളിപ്പറമ്പ്: വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളൊരുക്കി ടെക് ബീ. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല ഗവ.എൻജിനീയറിംഗ് കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എച് സി എൽ ടെക് ബീ ഏർളി കരിയർ ഐഡന്റിഫിക്കേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തി പരിശീലനം നൽകുന്നത്. ഇതിന് മുന്നോടിയായി ഹൈസ്കൂൾ, പ്ലസ് ടൂ തലങ്ങളിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് മണ്ഡലത്തിലെ സ്കൂളുകളിൽ പരീക്ഷ നടത്തിയിരുന്നു. ഇങ്ങിനെ തെരഞ്ഞെടുത്ത 100 കുട്ടികൾക്കാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. പരിശീലനം വ്യാഴാഴ്ച സമാപിക്കും.
IT മേഖലയിലെ നൂതന സാധ്യതകൾ ഉൾപ്പെടുത്തിയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. 12-ാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മുഴുവൻ സമയ ജോലികൾ പ്രദാനം ചെയ്യുന്ന ഒരു എക്സ്ക്ലൂസീവ് ആദ്യകാല കരിയർ പ്രോഗ്രാമാണ് എച് സി എൽ ടെക് ബീ. എൻട്രി ലെവൽ ഐടി ജോലികൾക്കായി 12 മാസത്തെ പരിശീലനം നൽകുകയും അവസരം നൽകുകയും ചെയ്യുന്ന തരത്തിലുള്ള ഒരു പ്രോഗ്രാമാണിത്. ഇന്ത്യയിലെ പ്രമുഖ ടെക്‌നോളജി കമ്പനികളിലൊന്നായ എച്ച്‌സിഎൽ ടെക്‌നോളജീസുമായി ചേർന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായ വിദ്യാലയങ്ങളെ ചടങ്ങിൽ ആദരിച്ചു.
എച് എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ എം കെ അനൂപ് കുമാർ അധ്യക്ഷനായി. എച് സി എൽ സ്റ്റേറ്റ് ഹെഡ് ശർമിള സത്യൻ, ഡോ. വിനോദ് കുമാർ, ഡി ഇ ഒ സി അനിത, പി ഒ മുരളീധരൻ, ആരതി തുടങ്ങിയവർ പങ്കെടുത്തു.