ശ്രീ ബുദ്ധന്റെ ധ്യാനസ്ഥമായ പല പ്രതിമകളിലും അദ്ദേഹത്തിന്റെ ശിരസ്സിൽ ചുരുണ്ട മുടി പോലെ ഒരലങ്കാരം തീർക്കാറുണ്ട് ശില്പികൾ .
എന്താണതെന്നറിയാമോ?
സിദ്ധാർത്ഥ ഗൗതമൻ ജ്ഞാനോദയം നേടുന്നതിനായി കൊട്ടാരം വിട്ടപ്പോൾ തല മുണ്ഡനം ചെയ്തിരുന്നു.
എന്നാൽ ധ്യാനസ്ഥനായ ബുദ്ധ പ്രതിമകളിലും മറ്റ് കലാരൂപങ്ങളിലും , ബുദ്ധന്റെ ശിരസ്സിൽ ചെറുതും ഇറുകിയതുമായ വളയച്ചുരുളുകൾ നൽകിയാണ് ചിത്രീകരിക്കുന്നത്.
ബുദ്ധന്റെ തലയിൽ ഏകദേശം 108 വളയങ്ങൾ കലാകാരന്മാർ ചിത്രീകരിക്കാറുണ്ട് അത് ബുദ്ധന്റെ തലമുടിയല്ല. തലയിൽ വച്ച കിരീടമോ തലപ്പാവോ അല്ല.
പിന്നെയോ ?
ഒച്ചുകൾ .
അതെ ഒച്ചുകൾ തന്നെ .ഒന്നും രണ്ടും അല്ല 108 ഒച്ചുകൾ . 108 ചത്തുണങ്ങിയ ഒച്ചുകൾ
ബുദ്ധന്റെ തലയിലെ 108 ഒച്ചുകളുടെ കഥ
കൊട്ടാരം വിട്ടിറങ്ങിയ , ബുദ്ധൻ ഒരു മരത്തിന്റെ ചുവട്ടിലാണ് ധ്യാനിക്കാൻ ഇരുന്നത്
ഒരു ബോധി മരച്ചുവട്ടിൽ
ചുറ്റുപാടുകൾ ശ്രദ്ധിക്കാതെയുള്ള ധ്യാന ചിന്തകളിൽ അദ്ദേഹം മുഴുകി.
കടുത്ത വേനൽക്കാലമായിരുന്നു അത് മരച്ചുവട്ടിലായിട്ടും സൂര്യരശ്മികൾ അദ്ദേഹത്തിന്റെ മുണ്ഡിതശിരസ്സിൽ പതിച്ചു. അദ്ദേഹം വിയർത്തു തുടങ്ങി.
ആ സമയം, കുറേ ഒച്ചുകൾ അദ്ദേഹത്തിനരികിൽ കൂടി കടന്നുപോകുന്നുണ്ടായിരുന്നു
മരത്തിന്റെ ചുവട്ടിൽ ഇരുന്നിട്ടും സൂര്യരശ്മികൾ ബുദ്ധന്റെ ശിരസ്സിൽ പതിക്കുന്നത് ഒരു ഒച്ച് ശ്രദ്ധിച്ചു
ചൂട് കൊണ്ട്. ബുദ്ധന്റെ ശിരസ്സ് പൊള്ളുമ്പോൾ അദ്ദേഹം ചിന്തകളിൽ നിന്നുണരുമെന്നും അദ്ദേഹത്തിന് ധ്യാനത്തിൽ തുടർന്ന് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ആ ഒച്ചു കരുതി.
രണ്ടാമതൊന്ന് ആലോചിക്കാതെ, ആ ഒച്ചു ബുദ്ധന്റെ ശിരസ്സിലേക്ക് കയറി, അവിടെ ഇരുന്നു, അതിന്റെ ഉടലിലെ സ്രവം ബുദ്ധന്റെ മിനുസമാർന്നതും നഗ്നവുമായ ശിരോചർമ്മത്തെ തണുപ്പിച്ചു.
അത് കണ്ട് മറ്റ് ഒച്ചുകളും ആദ്യത്തേതിനെ പിന്തുടർന്ന് ബുദ്ധന്റെ തലയിൽ കയറി ഇരുന്നു. ബുദ്ധ ശിരസ്സിൽ അവ സർപ്പിൾ ഷെല്ലുകളുടെ വൃത്തിയുള്ള ഒരു തൊപ്പി പോലെ കാണപ്പെട്ടു.
ഒച്ചിന്റെ തണുത്തതും നനഞ്ഞതുമായ ശരീരം ബുദ്ധന്റെ ധ്യാനം മണിക്കൂറുകളോളം തുടരാൻ സഹായിച്ചു. അദ്ദേഹം ധ്യാനത്തിൽ നിന്നുണർന്നതേയില്ല
എന്നാൽ കടുത്ത ഉഷ്ണകിരണങ്ങൾ കാരണം ഒച്ചുകൾ ഉണങ്ങി വരണ്ടു.
ബുദ്ധന്റെ ജ്ഞാനോദയത്തിലേക്കുള്ള പാതയിൽ നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ അവ തങ്ങളുടെ ജീവൻ നൽകി.
വൈകുന്നേരം, ബുദ്ധൻ ധ്യാനത്തിൽ നിന്ന് ഉണർന്നപ്പോൾ 108 ഒച്ചുകൾ ഒരു തൊപ്പി പോലെ തന്റെ ശിരസ്സിനെ വലയം ചെയ്തത് അദ്ദേഹം മനസ്സിലാക്കി,
ഒച്ചുകൾ ബുദ്ധനുവേണ്ടി ജീവൻ നൽകിയതിനാൽ, അവരെ ബുദ്ധാനുയായികൾ ഏറെ ബഹുമാനത്തോടെയാണ് കാണാറ്
അതിനാൽ അവരുടെ ത്യാഗത്തെ ഓർമ്മിപ്പിക്കാനാണ് ബുദ്ധ പ്രതിമകളിൽ അവയെ ചിത്രീകരിക്കുന്നത്.