കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ മേയർ പദവിയെ കുറിച്ചുള്ള കോൺഗ്രസ് -മുസ്ലിംലീഗ് തർക്കത്തിന് വിരാമമാകുന്നു. പുതുവർഷ ദിവസം വൈകുന്നേരമാകുമ്പോഴേക്കും മേയർ ടി.ഒ.മോഹനൻ രാജി സമർപ്പിക്കും. ജനുവരി ഒന്നിന് രാവിലെ കൗൺസിൽ യോഗമുണ്ട്.ഇതിനു ശേഷം ദുരിതാശ്വാസ സഹായ വിതരണമുണ്ട്. തുടർന്നായിരിക്കും രാജി. പിന്നീട് ഡപ്യൂട്ടി മേയർ പി.കെ.ഷബീനയും രാജി വെക്കും.
പാർലമെന്ററി ബോർഡ് ചെയർമാൻ മുസ്ലിഹ് മoത്തിലായിരിക്കും പുതിയ മേയറെന്നത് അഭ്യൂഹം മാത്രമാണെന്നും മുസ്ലിം ലീഗിലെ 14 അംഗങ്ങളും മേയർ സ്ഥാനത്തിന് യോഗ്യരാണെന്നും ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം മേലേരി പറഞ്ഞു. മേയറുടെ രാജിക്കു ശേഷം ഒന്നോ രണ്ടോ ആഴ്ച്ച വേണ്ടി വരും നടപടി ക്രമങ്ങൾക്കായി. ആ സമയത്ത് മാത്രമേ ആരാണ് പുതിയ മേയറെന്നതിനെ കുറിച്ച് ചർച്ച നടത്തുകയുള്ളൂവെന്ന് അദ്ധേഹം പറഞ്ഞു. ഒരാളെ മാത്രം ഫോക്കസ് ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. അതിനു ശേഷഷവും ഈ പരിപാടിയില്ല. പാർലമെന്ററി ബോർഡിലില്ലാത്തവർ മന്ത്രിയായ ചരിത്രം ലീഗിനുണ്ട്. വനിത മേയറായ ചരിത്രവുമുണ്ട്. മുസ്ലിം ലീഗിന് ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിന് കൂടി അർഹതയുണ്ട്. അദ്ധേഹം ചൂണ്ടിക്കാട്ടി.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്ന് അദ്ധേഹം പറഞ്ഞു.