തലശ്ശേരി: ബ്രണ്ണൻ കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ ബ്രണ്ണൻ അലൂംനി ഗ്ലോബൽ (ബാഗ്) ബ്രണ്ണൻ കോളജിൽ നടത്തിയ പ്രഫ. ഇ സത്യനാഥ് മെമ്മോറിയൽ അഖില കേരള
ഇന്റർകോളജിയറ്റ് ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരിയും വനിത വിഭാഗത്തിൽ കേരള പൊലീസും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട
ക്രൈസ്റ്റ് കോളജിനെയാണ് എസ് ബി കോളജ് ചങ്ങനാശ്ശേരി പരാജയപ്പെടുത്തിയത്
( 64 -38). വനിത വിഭാഗത്തിൽ
മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയാണ് കേരള പൊലീസ് കിരീടം ചൂടിയത് (52-46).
അസി.കലക്ടർ അനൂപ് ഗാർഗ് വനിത വിഭാഗത്തിനുള്ള ട്രോഫികൾ കൈമാറി. പുരുഷ വിഭാഗത്തിന് മുൻസ്റ്റേറ്റ് ഹോക്കി താരം
അഡ്വ. ഒ വി മുസ്തഫ റഫീഖ് ട്രോഫികൾ സമ്മാനിച്ചു. ഇരുവിഭാഗം ചാമ്പ്യന്മാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും കൈമാറി. വനിത വിഭാഗത്തിൽ
മഹാത്മാഗാന്ധി സർവകലാശാലയിലെ ഒലീവിയ ടി ഷൈബുവിനെയും പുരുഷ വിഭാഗത്തിൽ ചങ്ങനാശ്ശേരി
എസ് ബി കോളജിലെ
ജിനു ദേവസ്യയെയും മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. ഇരുവർക്കും 5,000 രൂപ വീതം സമ്മാനമായി നൽകി. കാലിക്കറ്റ് സർവകലാശാലയും
തൃശ്ശൂർ ശ്രീ കേരള വർമ കോളജും മൂന്നാം സ്ഥാനത്തെത്തി.
വനിതകളിൽ കാലിക്കറ്റ് സർവകലാശാല കേരള സർവകലാശാലയെ തോൽപിച്ചപ്പോൾ (67-63), പുരുഷന്മാരിൽ
തിരുവന്തപുരം മാർ ഇവാനിയോസ് കോളേജിനെയാണ് ശ്രീ കേരള വർമ കോളജ് തോൽപിച്ചത് (78-68). ഇരു ടീമുകൾക്കും 10,000 രൂപ വീതം സമ്മാനിച്ചു. നിയമസഭ സ്പീക്കർ എ എൻ ഷംസീർ ചടങ്ങിൽ വിശിഷ്ടാതിഥിയായി. മുസ്തഫ ആൻഡ് അൽമന സിഎസ് ആർ വിങ് എംഡി അഡ്വ. അൽമന മുസ്തഫ സഫീർ,
മുൻ സ്റ്റേറ്റ് ബാസ്ക്കറ്റ്ബോൾ താരങ്ങളായ അരുണ പത്മനാഭൻ, ഗീത ഉദയകുമാർ, മുൻ സംസ്ഥാന ക്രിക്കറ്റ് ബാസ്ക്കറ്റ്ബോൾ ഹാൻഡ് ബോൾ താരം റയീസ്,
ബാഗ് പ്രതിനിധികളായ മനോഹരൻ, സാജിദ് കോറോത്ത് എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു.
അഡ്വ. ഷറഫുദ്ദീൻ, പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു.