സത്യസന്ധമായി ജോലി ചെയ്തതിന് വീണ്ടും മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തിരിക്കുന്നു.നവ കേരള ബസിന് എതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയനടക്കമുള്ള സംഘടനകളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്..
മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് പറയാതെ വയ്യ. സാമാന്യ നീതിയുടെ നിഷേധവുമാണിത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയിൽ വച്ച് കെ എസ് യു പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് 24 ന്യൂസിലെ വിനീത വി ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തിയതും കേസിൽ അഞ്ചാം പ്രതിയാക്കിയതും. മുമ്പ് മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ പരീക്ഷയെഴുതാതെ ജയിക്കാൻ ശ്രമം നടത്തിയത് റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖിക അഖിലക്കെതിരെയും കേസെടുത്തിരുന്നു. ഇത് കോടതി തള്ളിയെന്നു മാത്രമല്ല, പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സമാനമായ രീതിയിലാണ് പോലീസ് വിനീതക്കെതിരെ കേസെടുത്തിരിക്കുന്നത്. തെറ്റ് ആവർത്തിക്കുകയാണ് പോലീസ് ചെയ്യുന്നത്.
കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പോലീസ് തയ്യാറാകണം. ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും വേണം.