തിരുവനന്തപുരം: ഹയർ സെക്കണ്ടറി അധ്യാപക/ അനധ്യാപക സ്ഥാനക്കയറ്റത്തിന് 10 വർഷം സർവീസുള്ളവരെ പരിഗണിക്കുന്നതിൽ മാറ്റം വരുത്തി ഉത്തരവിറക്കി. സംസ്ഥാന യോഗ്യതാ പരീക്ഷ (സെറ്റ് ) പാസായവർക്ക് മാത്രമാകും ഇനി ഹയർസെക്കണ്ടറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുക. ഇവരുടെ അഭാവത്തിൽ മാത്രമാകും 10 വർഷത്തെ സർവീസ് ഉള്ള ഹൈ സ്കൂൾ അധ്യാപക/ അനധ്യാപകരെ പരിഗണിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്ന പൊതു വിദ്യാഭ്യാസ വകുപ്പ് നയത്തിന്റെ ഭാഗമായാണ് തീരുമാനം.
സ്കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചപ്പോൾ സെറ്റ് യോഗ്യതയുള്ളവർ കുറവായിരുന്ന സാഹചര്യത്തിലാണ് ഹൈസ്കൂൾ വിഭാഗത്തിൽ 10 വർഷത്തിലധികം പ്രവർത്തനം ഉള്ളവരെ ഹയർസെക്കൻഡറിലേക്ക് പരിഗണിച്ചത് എന്നും, എന്നാൽ നിലവിൽ സംസ്ഥാനത്ത് അധ്യാപകരിൽ ഭൂരിഭാഗത്തിനും സെറ്റ് യോഗ്യത ഉണ്ടെന്നതിനാൽ കാലാനുസൃതമായ മാറ്റമാണ് വരുത്തിയിരിക്കുന്നത് എന്നുമാണ് വകുപ്പ് അധികൃതരുടെ ഭാഷ്യം.
തുടക്കത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് ,കെമിസ്ട്രി എന്നീ വിഷയങ്ങളിലൊഴികെ മറ്റ് വിഷയങ്ങളിൽ ആവശ്യത്തിലേറെ ഹൈസ്കൂൾ അധ്യാപകർ സെറ്റ് യോഗ്യത ഉള്ളവരായി ഉണ്ടായിരുന്നു എന്നതാണ് വസ്തുത.
അന്നും സെറ്റ് യോഗ്യത ഉള്ളവരെ പരിഗണിച്ചിട്ട് അവരുടെ അഭാവത്തിൽ സെറ്റ് ഇല്ലാത്ത 10 വർഷം സർവീസ് ഉള്ളവരെ പരിഗണിക്കാമായിരുന്നു. അന്ന് അത് ചെയ്തില്ല. വിദ്യാർത്ഥികളുടെ പഠന നിലവാരത്തിലുപരി ചില അദ്ധ്യാപക സംഘടനാ നേതാക്കളുടെയും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ചിലരുടെയും സേവന വേതന താല്പര്യമായിരുന്നു അന്ന് അതിന് പിന്നിൽ. ഫലം വിദ്യാർത്ഥികൾക്ക് യോഗ്യരായ അദ്ധ്യാപരുടെ സേവനവും നഷ്ടപ്പെട്ടു, സെറ്റ് യോഗ്യതയുള്ള നിരവധി അദ്ധ്യാപകർക്ക് അവർക്കർഹമായ സ്ഥാനക്കയറ്റവും നഷ്ടപ്പട്ടു. സെറ്റ് യോഗ്യതയുള്ളവരെ നോക്കുകുത്തികളാക്കി നിർത്തിയിട്ട് യോഗ്യതയില്ലാത്തവർ കയറിപ്പറ്റി.
ബിരുദാനന്തര ബിരുദം ഇല്ലാതെ തന്നെ ഡിഗ്രിയും ബി എഡും നേടി ഹൈസ്കൂൾ അധ്യാപകരാകുന്നവർക്ക് രണ്ട് വർഷത്തെ റഗുലർ ബിരുദാനന്തര ബിരുദം കൂടി കഴിഞ്ഞ് ഹൈസ്കൂൾ അദ്ധ്യാപകരാകുന്നവരേക്കാൾ സർവീസ് താരതമ്യേന കൂടുതലായിരിക്കും. അവരിൽ പലരും സർവീസിൽ കയറിയ ശേഷം വിദൂര പഠനം വഴി ബിരുദാനന്തര ബിരുദം നേടിയവരുമാണ്. എന്നാൽ സ്ഥാനക്കയറ്റത്തിന് സീനിയോറി കണക്കാക്കുന്നത് ഹൈസ്കൂൾ അധ്യാപകരായി സർവീസ് തുടങ്ങിയത് മുതലും.ആ അനീതി ഇപ്പോഴും തുടരുകയാണ്. ഹയർ സെക്കന്ററി അദ്ധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ ബിരുദാനന്തര ബിരുദം സർവീസിൽ കയറുമ്പോൾ ഉണ്ടെങ്കിൽ മാത്രമേ അതു മുതൽക്കുള്ള സർവീസ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കാവൂ. സർവീസിൽ കയറിയ ശേഷമാണ് ബിരുദാനന്തര ബിരുദം നേടുന്നതെങ്കിൽ അത് നേടുന്നതു മുതൽക്കുള്ള സർവീസ് മാത്രമേ ഹയർ സെക്കൻഡറി അധ്യാപകരായിട്ടുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കാവൂ.