കണ്ണൂർ: ലോകചരിത്രത്തിൽ ആദ്യമായി ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് സാഹിത്യ സാംസ്കാരിക രംഗത്തെ ഒരു ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ച്.ജില്ലയിലെ 1056 വിദ്യാലയങ്ങളിലെ അമ്പതിനായിരത്തോളം വിദ്യാർഥികൾ ചേർന്നൊരുക്കുന്ന 1056 പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചു
കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്കാര വിരുദ്ധര്‍ക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികള്‍ മറുപടി നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സ്കൂള്‍ കാലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന്റെ സ്വര്‍ണക്കപ്പ് നേടിയത് കണ്ണൂരിലെ വിദ്യാര്‍ത്ഥികളാണ്. കലാസാഹിത്യ രംഗങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഇത്രയേറെ കുരുന്നുകളുള്ള ഈ നാടിനെ ബ്ലഡി കണ്ണൂരെന്ന് ചിലര്‍ അധിക്ഷേപിച്ചു. അവര്‍ക്ക് കണ്ണൂരിലെ കുഞ്ഞുങ്ങള്‍ നല്കുന്ന മറുപടി കൂടിയാണ് ഇതെന്നും കണ്ണൂരിനെ ബ്യൂട്ടിഫുളെന്ന് വിശേഷിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിവുകള്‍ ലഭിക്കുന്നതിന് നിരവധി അവസരങ്ങള്‍ നിലവിലുണ്ട്. അവയില്‍ തെറ്റായതും ശരിയായതുമായ അറിവുകള്‍ ഉണ്ടാകും. അതു വേര്‍തിരിച്ച് അറിഞ്ഞ് ശരിയായത് ഉള്‍കൊള്ളാനുള്ള തിരിച്ചറിവു കൂടി വേണം. സാങ്കേതിക വിദ്യയുടെ വളര്‍ച്ച പ്രയോജനപ്പെടുത്തി പുസ്തകങ്ങളും വായനകളും പുതിയ തലങ്ങളിലേക്ക് വളരുകയാണ്. വായനക്കായി മാത്രമുള്ള സാങ്കേതികവിദ്യ തന്നെ നിലവിലുണ്ട്. അച്ചടിച്ച കോപ്പികള്‍ പോലും ഇതുവഴി വായിക്കാനാകും. അതു ഗുണപരമായി ഉപയോഗിക്കാന്‍ കഴിയണം . പള്ളിക്കുന്ന് കൃഷ്ണ മേനോന് സ്മാരക വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളില്‍ വായനയും സര്‍ഗാത്മകതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതിയാണ് ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50000 കുട്ടികള്‍ എഴുത്തും വരയും നിറവും നല്കിയ 1056 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.