ഗവർണ്ണർ പോരിൽ നിലമറന്ന് മോദിക്ക് അനുകൂല വാർത്ത എഴുതി ദേശാഭിമാനി പെട്ടു.നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയോടെ ഒന്നാം പേജിൽ വാർത്ത കൊടുത്ത ദേശാഭിമാനി പെട്ടു. സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വെളുപ്പാൻ കാലത്ത് ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തിനെ വിളിച്ചുണർത്തി ചോദ്യം ചെയ്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എന്ന മട്ടിലുള്ള വാർത്തയാണ് വിവാദമായത്. ഗവർണറായി തുടരാൻ നീക്കവുമായി ആരിഫ് മുഹമ്മദ് ഖാൻ – എന്ന തലക്കെട്ടിലായിരുന്നു ഒന്നാം പേജ് വാർത്ത.
ഗവർണർ പദവിയിൽ സെപ്തംബറിൽ കാലാവധി കഴിയുന്ന ആരിഫ് മുഹമ്മദ് ഖാൻ പുനർ നിയമനം കിട്ടാൻ കേരള ബി ജെ പി നേതാക്കളുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുന്നു എന്നാണ് ദേശാഭിമാനി ഒന്നാം പേജ് വാർത്ത. ഏപ്രിൽ – മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സെപ്തംബറിലെ ഗവർണർ നിയമനവും മോദി തീരുമാനിക്കുമെന്ന ഉറപ്പിലുള്ള വാർത്ത മണ്ടത്തരമല്ലേയെന്ന പാർട്ടി നേതാക്കളുടെ ചോദ്യത്തിനു മുന്നിൽ ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തിനു ഉത്തരംമുട്ടി.
ഉത്തരവാദികളോട് വിശദീകരണം ചോദിക്കുമെന്ന മറുപടി മാത്രമേ പുത്തലത്തിനുണ്ടായിരുന്നുള്ളു. ലേഖകൻ വിഷ്ണു പ്രസാദ് ബി ജെ പി ചാരനാണോ എന്നു വരെ നേതാക്കൾ സംശയം പ്രകടിപ്പിച്ചു.
വാർത്ത ഒന്നാം പേജിൽ കൊടുക്കാനുള്ള തീരുമാനമെടുത്ത ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിക്കും ലേഖകനും രാവിലെ തന്നെ വിശദീകരണം ചോദിച്ച് മെമ്മോ നൽകി.
പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്ന് നിരന്തരം അധിക്ഷേപിക്കുന്ന ടെലിഗ്രാഫ് പത്രം എഡിറ്റർ അറ്റ് ലാർജ് രാജഗോപാലിന്റെ അഭിമുഖം അടുത്തിടെ ദേശാഭിമാനി എഡിറ്റ് പേജിൽ പ്രാധാന്യത്തോടെ കൊടുത്തതും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ചൊടിപ്പിച്ചിരുന്നു.