കണ്ണൂർ: ഗവർണർക്കെതിരെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾ ജാള്യത മറച്ചുവെക്കാനാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂരിനെ അപമാനിച്ചു എന്ന സിപിഎമ്മിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ജല്പനകൾ എസ്എഫ്ഐയിലൂടെ പുറത്തുവരികയാണ് ചെയ്യുന്നത്. കുട്ടി സഖാക്കളെ കൊണ്ട് ഗവർണറെ ആക്രമിക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചന പരാജയപ്പെട്ടതായി ശ്രീകാന്ത് പറഞ്ഞു.കേരളത്തിലെ ക്യാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് എസ്എഫ്ഐയുടെ പ്രഖ്യാപനം പാളിപ്പോയി. കോഴിക്കോട് സർവ്വകലാശാലയിൽ പുലി ഇറങ്ങുന്നത് പോലെ ഗവർണർ ഇറങ്ങി എന്ന് മാത്രമല്ല കോഴിക്കോട് നഗരത്തിൽ പോലീസ് അകമ്പടി ഇല്ലാതെ നടക്കുകയും ചെയ്തു. ഗവർണറുടെ നിലപാടിനെ ജനങ്ങൾ പൂർണം മനസ്സോടെ സ്വീകരിച്ചതിന്റെ തെളിവാണ് ഗവർണർക്ക് ലഭിച്ച സ്വീകരമെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഗവർണർക്കെതിരെ പ്രതിഷേധിക്കാൻ സിപിഎം നൽകിയ നിർദേശം അണികൾ തള്ളിക്കളഞ്ഞതുകൊണ്ടാണ് കോഴിക്കോട് നഗരത്തിൽ ഒരു പ്രതിഷേധവും ഉയരത്തിന്റെ കാരണമെന്നും ശ്രീകാന്ത് പറഞ്ഞു.
ഗവർണർക്കെതിരെ സിപിഎം നടത്തിയ എല്ലാ ഗൂഢാലോചനക്കും പരാജയപ്പെട്ടപ്പോൾ അണികളെ പിടിച്ചുനിർത്താനുള്ള അവസാനത്തെ ശ്രമമാണ് കണ്ണൂരിനെ അപമാനിച്ചു എന്ന തരത്തിൽ ഇപ്പോൾ പ്രചരണങ്ങൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. കള്ളപ്രചാരണം അവസാനിപ്പിച്ച് ജനങ്ങളോട് സിപിഎം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.