ബെയ്ജിങ്: ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 111 പേര്‍ മരിച്ചു. 200-ലധികം പേര്‍ക്ക് പരിക്കേറ്റു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനമുണ്ടായതോടെ കെട്ടിടങ്ങള്‍ കുലുങ്ങുന്നതും ആളുകള്‍ അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചില പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകര്‍ന്നിട്ടുണ്ട്.