ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് സുപ്രിംകോടതി വിധിയെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും വിലക്ക്. ജനുവരിയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളില്‍ ഇവരോട് പങ്കെടുക്കേണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. എന്നാല്‍, പ്രായവും ആരോഗ്യാവസ്ഥയും കണക്കിലെടുത്താണ് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചതെന്നും ഇരുവരും അത് അംഗീകരിച്ചെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ബാബരി മസ്ജിദ് വിഷയത്തെ സംഘര്‍ഷത്തിലേക്കും കര്‍സേവയിലേക്കുമെത്തിച്ച് ബിജെപിക്കും ആര്‍എസ്എസിനും രാഷ്ട്രീയനേട്ടമുണ്ടാക്കിക്കൊടുത്തവരില്‍ പ്രധാനികളാണ് എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ പ്രതികളുമായിരുന്നു. ഈയിടെ അദ്വാനിയെ ബിജെപി അവഗണിക്കുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ്, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരി 22നാണ് പ്രതിഷ്ഠാചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. അദ്വാനിക്ക് 96ഉം ജോഷിക്ക് 90ഉം വയസ്സാണ് പ്രായം. നാലായിരത്തോളം പുരോഹിതരും 2,200 മറ്റ് അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, രജനികാന്ത്, മാധുരി ദീക്ഷിത്, സംവിധായകന്‍ മാധുര്‍ ഭണ്ഡാര്‍കര്‍, വ്യവസായ പ്രമുഖന്മാരായ മുകേഷ് അംബാനി, അനില്‍ അംബാനി, ചിത്രകാരന്‍ വസുദേവ് കാമത്ത് തുടങ്ങി നിരവധി പേരെ ക്ഷണിച്ചിട്ടുണ്ട്.