കൊച്ചി: വിനീത വി ജിയ്‌ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ചു. സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. 22ന് കേസ് വീണ്ടും പരിഗണിക്കും. വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസില്‍ അഞ്ചാം പ്രതിയാക്കിയത്. വിനീതയ്ക്കെതിരായ പോലിസ് നടപടി ആശങ്കയുണ്ടാക്കുന്നുവെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വിമര്‍ശിച്ചു. വിനീതയ്ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് സംഭവത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഔദ്യോഗികമായി വിമര്‍ശനം അറിയിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം കുറ്റകൃത്യമല്ലെന്ന് എഡിറ്റേഴ്സ് ഗില്‍ ഊന്നിപ്പറയുന്നു. മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി. കെയുഡബ്ല്യുജെ ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും കേസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നടപടിയില്‍ പോലിസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു. കേസെടുത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അനാവശ്യമായി ആര്‍ക്കെതിരെയും കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.