കണ്ണൂർ: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി നൂറ്റിനാല്പത്തിയാറ് പാർലമെന്റ് അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി, എണ്ണിച്ചുട്ടപ്പം പോലെ ബില്ലുകൾ ചർച്ചയും സംവാദവും കൂടാതെ പാസ്സാക്കിയെടുത്ത നരേന്ദ്ര മോഡി ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയായ ഭരണാധികാരിയാണെന്നും, ഇന്ന് വരെ ജനങ്ങൾക്ക് കൊടുത്ത ഒരു വാക്കും പാലിക്കാത്ത ഖ്യാതി നേടിയെടുത്ത പ്രധാനമന്ത്രിയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ആരാധന ഓഡിറ്റോറിയം സതീശൻ പാച്ചേനി നഗറിൽ സംഘടിപ്പിച്ച മിഷൻ 24, നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായി അണിനിരന്ന് മോദിയെ പുറത്താക്കിയില്ലെങ്കിൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ്, എം.പി ഉണ്ണികൃഷ്ണൻ, എം.നാരായണൻ കുട്ടി, എം.കെ രാജൻ, എ.പി നാരായണൻ, അഡ്വ റഷീദ് കവ്വായി, പി ലളിത, അഡ്വ.രാജീവൻ കപ്പച്ചേരി, അജിത്ത് മാട്ടൂൽ, കെ.ജയരാജ്, മധുസൂദനൻ എരമം എന്നിവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ക്യാമ്പിന് പതാക ഉയർത്തി. പ്രൊഫ. ഷാജി പുൽപ്പാറ, നിജേഷ് അരവിന്ദ് എന്നിവർ ക്യാമ്പിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.