കേപ്ടൗണ്‍: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ ചരിത്ര വിജയവുമായി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 12 ഓവറില്‍ അടിച്ചെടുത്തു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് കോഹ്‌ലിയും വീണെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി.
17 റണ്‍സുമായി രോഹിത്തും റണ്‍സുമായി നാലു റണ്‍സോടെ ശ്രേയസും പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയിരുന്നു. പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ കേപ്ടൗണില്‍ ആദ്യ വിജയമാണ് സ്വന്തമാക്കിയത്.
രണ്ടാം ദിനം ആദ്യ സെഷനില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി പൊരുതിയ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ 79 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 62-3 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ലഞ്ചിന് മുമ്പെ 176 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഏയ്ഡന്‍ മാര്‍ക്രം 103 പന്തില്‍106 റണ്‍സുമായി വെടിക്കെട്ട് സെഞ്ചുറി കുറിച്ചപ്പോള്‍ ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റെടുത്തു. ചരിത്രത്തിലേക്ക് ഒരുപിടി റെക്കോഡുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടാണ് ഈ ടെസ്റ്റ് അവസാനിച്ചത്. ഒരു ദിവസവും രണ്ട് സെഷനും മാത്രം വേണ്ടിവന്ന ഒരു ടെസ്റ്റ്! ഇത്ര ചുരുങ്ങിയ സമയംകൊണ്ട് ഒരു ടെസ്റ്റ് തീര്‍ന്ന ചരിത്രമില്ല. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാലും കേപ്ടൗണിലെ ടെസ്റ്റിനു തന്നെയാണ് റെക്കോഡ്. രണ്ട് ടീമുകളുടെ രണ്ടിന്നിങ്സുകള്‍ക്കായി വേണ്ടിവന്നത് വെറും 642 പന്തുകള്‍ (107 ഓവര്‍). ഇത്ര കുറഞ്ഞ പന്തില്‍ ഫലംകണ്ട ടെസ്റ്റും ചരിത്രത്തില്‍ വേറെയില്ല.