കൊച്ചി: ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജില്‍ മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയ വിദ്യാര്‍ത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവ് അദീന്‍ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലിസ് ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും സാമൂഹ്യമാധ്യമത്തിലൂടെ തന്നെ സംഭവത്തില്‍ ക്ഷമ ചോദിച്ചെന്നും വിദ്യാര്‍ഥി പോലിസിന് മൊഴി നല്‍കി. അതേസമയം സംഭവത്തില്‍ അദീന്‍ നാസറിനെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ചൂണ്ടി ഭാരത്മാതാ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥിയായ അദീന്‍, കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വെച്ച് ചിത്രമെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതുമാണ് വീഡിയോ. ഇതിന് പിന്നാലെ കെഎസ്‌യു എസ്എഫ്‌ഐ നേതാവിനെതിരെ പരാതി നല്‍കിയിരുന്നു. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി എഐ അമീന്‍ ആണ് പരാതി നല്‍കിയത്.