കണ്ണൂർ: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെ ദേശരക്ഷാ യാത്ര നടത്തുന്നു. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി നായകനും ജനറൽസെക്രട്ടറി കെ ടി സഹദുള്ള ഉപനായകനും ട്രഷറർ മഹമൂദ് കടവത്തൂർ ഡയറക്ടറുമായ ദേശരക്ഷാ യാത്ര ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്ത് – മുൻസിപ്പൽ – മേഖലാതലങ്ങളിൽ പര്യടനം നടത്തി ഫെബ്രുവരി അഞ്ചിന് വൈകുന്നേരം കണ്ണൂരിൽ പൊതുസമ്മേളനത്തോടെ സമാപിക്കും .
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ജനുവരി 25ന് വൈകുന്നേരം 4 മണിക്ക് പയ്യന്നൂരിൽ വച്ച് ദേശരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് ജനുവരി 26 പയ്യന്നൂർ നിയോജക മണ്ഡലം, 27 കല്ല്യാശ്ശേരി മണ്ഡലം, 28 അഴീക്കോട് മണ്ഡലം, 29 തളിപ്പറമ്പ്,
30 പേരാവൂർ ,31 ഇരിക്കൂർ , ഫെബ്രുവരി 1 കൂത്തുപറമ്പ്, 2 മട്ടന്നൂർ , 3 ധർമ്മടം, 4 തലശ്ശേരി, 5 കണ്ണൂർഎന്നിങ്ങനെയാണ് മണ്ഡലം തലങ്ങളിൽ യാത്ര പര്യടനം നടത്തുക.
ദേശരക്ഷാ യാത്രയുടെ മുന്നോടിയായി ഡിസംബർ 31ന് ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകന്മാരും പുതുവത്സരാശംസ സന്ദേശങ്ങൾ കൈമാറും. യാത്രയുടെ സന്ദേശം കൈമാറുന്നതിന് ജില്ലയിലെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ,മതമേലധ്യക്ഷന്മാർ, പൗരപ്രമുഖന്മാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 19ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ റോയൽ ഒമേഴ്സ് ഹോട്ടലിൽ സ്നേഹസംവേദം സംഘടിപ്പിക്കും.
യാത്രയുടെപ്രചരണാർത്ഥം പോസ്റ്റർഡേ, സ്പീക്കേഴ്സ് വർക്ക് ഷോപ്പ് , തീം സോങ് റിലീസിങ്ങ്, പതാകദിനം എന്നീ പരിപാടികൾ സംഘടിപ്പിക്കും.
യാത്രയോടനുബന്ധിച്ച് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് രാവിലെ 7 മണിക്ക് പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹ വേദിയായ ഉളിയത്ത്കടവിൽ വച്ച് യാത്ര അംഗങ്ങൾ ഭരണഘടന പ്രതിജ്ഞ എടുക്കും.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് 11മണിക്ക് പേരാവൂർനിയോജക മണ്ഡലത്തിലെ പേരാവൂരിൽ വച്ച് യാത്ര അംഗങ്ങൾ രക്തസാക്ഷി പ്രതിജ്ഞ പുതുക്കും.
മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടായിരുന്ന ഇ. അഹമ്മദിന്റെ ചരമദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 2ന് കണ്ണൂർ സിറ്റിയിലുള്ള അദ്ദേഹത്തിന്റെ ഖബറിടത്തിൽ രാവിലെ 7 മണിക്ക് യാത്രാംഗങ്ങൾ പ്രാർത്ഥന നടത്തുമെന്ന്
പത്രസമ്മേളനത്തിൽ അഡ്വ.അബ്ദുൽ കരീം ചേലേരി,
കെ.ടി സഹദുള്ള , മഹമൂദ് കടവത്തൂർ എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.