ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ മുന്‍ തലവന്‍. ബൈബിള്‍ വചനങ്ങള്‍ സ്വീകരിച്ചാണ് നെതന്യാഹു ഫലസ്തീനില്‍ നടത്തുന്ന ആക്രമണമെന്ന് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ മുന്‍ വൈസ് പ്രസിഡന്റ് സാം മല്‍ഡൊണാഡോ പറഞ്ഞു. എല്ലാ ഫലസ്തീനികളും ഭീകരവാദികളാണെന്നും എല്ലാവരെയും കൊന്നൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലിങ്കിഡിനില്‍ ഒരു മാസം മുന്‍പ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഒരു ഇസ്രായേല്‍ അനുകൂലിയുടെ പോസ്റ്റിനുള്ള കമന്റായായിരുന്നു വിവാദപരാമര്‍ശങ്ങള്‍. ”എല്ലാ ഫലസ്തീനികളും ഭീകരവാദികളും കൊല്ലപ്പെടേണ്ടവരുമാണെന്നാണോ പറയുന്നത്? അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ ബോംബാക്രമണം എന്തിനാണെന്നു വ്യക്തമാകുന്നുണ്ട്. എല്ലാവരെയും കൊന്നുകളയണം”ഇങ്ങനെയായിരുന്നു സാം മല്‍ഡൊണാഡോയുടെ ആദ്യ പ്രതികരണം.