കണ്ണൂർ: കോൺഗ്രസിൽ നിന്ന് രാജി വെച്ചപ്പോൾ സി.പി.എമ്മടക്കം എല്ലാ പാർട്ടികളുടെയും നേതാക്കൾ നേരിട്ടും ആളെയയച്ചും ഫോണിലൂടെയുമെല്ലാം ബന്ധപ്പെട്ടിരുന്നുവെന്ന് സി.രഘുനാഥ്. ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാർ ഭവനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. രണ്ടു സി.പി.എം നേതാക്കൾ വീടുപടിക്കൽ വന്നു.സി.പി.എമ്മിൽ ചേർന്നില്ലെങ്കിലും ബി.ജെ.പിയിൽ പോകരുതെന്ന് പറഞ്ഞു. എനിക്കിപ്പോൾ സുരക്ഷിതമായ സ്ഥാനമായി ബി.ജെ.പി മാറിയിരിക്കുന്നു. ഏതാനും ദിവസങ്ങളായി മനസിനെ ഇതിനായി പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. അദ്ധേഹം തുടർന്നു.
കെ.സുധാകരനായാലും പിണറായി വിജയനായാലും ആരു വന്നാലും ബി.ജെ.പി സ്വീകരിക്കും. വ്യക്തിപരമായ നേട്ടങ്ങൾക്കല്ല ഞാൻ ബി.ജെ.പിയിൽ ചേർന്നത്. ബൂത്ത് ഏജന്റായി പ്രവർത്തിക്കാൻ പോലും തയ്യാറാണ്. കോൺഗ്രസിൽ കുടുംബാധിപത്യമാണ്. മതേതര, ജനാധിപത്യത്തിന്റെ അടിസ്ഥാന ശില പോലും കോൺഗ്രസിലില്ല. ഉപജാപക സംഘമാണ് കോൺഗ്രസിനെ നയിക്കുന്നത്. ബലിദാനികളുടെ ഓർമകളുമായി ഇനി ബി.ജെ.പിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കും അദ്ധേഹം പറഞ്ഞു.
പയ്യാമ്പലത്ത് കെ.ജി.മാരാർ ശവകുടീരത്തിൽ പുഷ്പാർച്ചയർപ്പിച്ച ശേഷമാണ് രഘുനാഥ് മാധ്യമ പ്രവർത്തകരെ കാണാനെത്തിയത്.ദേശീയ സമിതിയംഗം എ.ദാമോദരൻ, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, കെ.കെ.വിനോദ് കുമാർ, പി.പി.രാമൻ, അരുൺ കൈതപ്രം നിവർ കൂടെയുണ്ടായിരുന്നു