ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളില്‍ കയറി അതിക്രമം കാട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ആറുപേര്‍ക്കും മനോരോഗമുണ്ടോയെന്ന പരിശോധിക്കാന്‍ തീരുമാനം. എല്ലാ പ്രതികളെയും സൈക്കോ അനാലിസിസിന് വിധേയരാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതിക്രമം നടത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് മനോരോഗ പരിശോധനയെന്നാണ് വാദം. ഒരു പ്രതിയെ വ്യാഴാഴ്ച ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് കൊണ്ടുപോയിരുന്നു. ഓരോ ദിവസമായി ഓരോരുത്തരെയും സൈക്കോ അനാലിസിസ് പരിശോധന നടത്തും. ഇക്കഴിഞ്ഞ ഡിസംബര്‍ 13നാണ് പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ സഭയ്ക്കുള്ളിലേക്ക് കടന്ന് പുകയാക്രമണം നടത്തിയത്. ഇതേസമയം തന്നെ പാര്‍ലമെന്റിനു പുറത്തും സമാനരീതിയില്‍ പ്രതിഷേധമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മനോരഞ്ജന്‍, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡേ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരെയാണ് അറസ്റ്റിലായത്. തൊഴിലില്ലായ്മയ്‌ക്കെതിരേയും സ്വേച്ചാധിപത്യത്തിനെതിരേയുമാണ് ഇവര്‍ മുദ്രാവാക്യം വിളിച്ചത്. സൈക്യാട്രിസ്റ്റുകളാണ് ടെസ്റ്റ് നടത്തുക. നല്‍കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ അതിക്രമത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാവുമെന്നാണ് പറയുന്നത്.
ഒരാള്‍ക്ക് മൂന്നു മണിക്കൂറാണ് പരിശോധനയ്ക്ക് ആവശ്യമായി വരിക. സിബിഐയുടെ ഫോറന്‍സിക് ലാബിലും രോഹിണിയിലെ എഫ്എസ്എല്ലിലുമായാണ് പരിശോധന. പ്രതികള്‍ 15 ദിവസത്തെ പോലിസ് കസ്റ്റഡിയിലാണുള്ളത്. എന്നാല്‍, കനത്ത സുരക്ഷയും മറികടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമം നടത്തിയിട്ടും വിഷയത്തില്‍ ആഭ്യന്ത്രമന്ത്രി അമിത് ഷാ സഭയില്‍ മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിട്ടില്ല. പകരം പ്രതിപക്ഷ എംപിമാരെ ഇരുസഭകളില്‍ നിന്നും കൂട്ടത്തോടെ പുറത്താക്കുകയാണ്. ഇതുവരെ 143 എംപിമാരെ പുറത്താക്കിക്കഴിഞ്ഞു.