ചെന്നൈ: തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമില്ല. തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് 4 പേര്‍ മരിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയോഗിച്ചു. റെയില്‍പ്പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലായി ഏഴായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലാവുകയും ചെയ്തു. ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഇവര്‍ക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നല്‍കാന്‍ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടതാണു തിരിച്ചടിയായത്. സുളൂര്‍ വ്യോമതാവളത്തില്‍ നിന്ന് 2 ടണ്ണോളം ഭക്ഷ്യവസ്തുക്കളുമായി ഹെലികോപ്റ്റര്‍ എത്തിയെങ്കിലും കനത്ത വെള്ളപ്പാച്ചില്‍ തുടരുന്നതിനാല്‍ ഇതു നിലത്തിറക്കാനായില്ല. ട്രെയിനിലുള്ള എണ്ണൂറോളം പേരില്‍ 300 പേരെ സമീപത്തെ സ്‌കൂളിലേക്കു മാറ്റിയത് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ്. മറ്റുള്ളവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത വിധം കനത്ത വെള്ളപ്പാച്ചിലാണ് പ്രദേശത്തുള്ളത്. തിരുച്ചെന്തൂര്‍ തിരുനെല്‍വേലി സെക്ഷനുകളില്‍ക്കിടില്‍ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിലാണു ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഈ ഭാഗത്തെ 7 കിലോമീറ്ററിലധികം വരുന്ന റെയില്‍ പാതയുടെ അടിയില്‍ നിന്ന് മണ്ണൊലിച്ചു പോയ നിലയിലാണ്. വൈദ്യുതി ബന്ധം നിലച്ചതും ആവശ്യത്തിനു വെളിച്ചമില്ലാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്.