തൃശ്ശൂര്‍: വയനാട് വാകേരിയില്‍ ഭീതി വിതച്ച കടുവയെ തൃശ്ശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച കടുവയെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുത്തൂരിലെത്തിച്ചത്. WWL 45 എന്ന നരഭോജി കടുവ ഇന്നലെ ഉച്ചയോടെയാണ് വാകേരി കോളനിക്കവലയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തില്‍ ഏഴു കടുവകള്‍ക്കുള്ള കൂടുകളാണ് ഉള്ളത്. WWL 45 കൂടി എത്തിയാതോട എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റിയത്. പത്ത് ദിവസത്തിനൊടുവിലാണ് വാകേരിയില്‍ ഭീതി വിതച്ച നരഭോജി കടുവയെ കഴിഞ്ഞ ദിവസം പിടികൂടിയത്. കടുവയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പ്രജീഷ് എന്ന കര്‍ഷകന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തെ കാപ്പി തോട്ടത്തില്‍ വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂട്ടിലാകുന്നതിന് ഒരു ദിവസം മുമ്പ് വാകേരി കല്ലൂര്‍കുന്നില്‍ സന്തോഷിന്റെ പശുവിനെയും കടുവ കൊന്നിരുന്നു. കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കടുവയെ ജീവനോടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വനംവകുപ്പിന്റെ വാഹനം തടഞ്ഞും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. കടുവയെ മയക്കുവെടിവെക്കാനോ കൂട്ടിലാക്കാനോ കഴിഞ്ഞില്ലെങ്കില്‍ മാത്രം വെടിവെച്ചു കൊല്ലാനായിരുന്നു ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ്.