കണ്ണൂര്‍: സംസ്ഥാന ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ കണ്ണൂരിനെ അപമാനിച്ചുവെന്ന രീതിയില്‍ സിപിഎം നടത്തുന്ന പ്രചരണം പച്ചക്കളളമാണെന്നും ഗവര്‍ണ്ണര്‍ പ്രതികരിച്ചത് കണ്ണൂരിനെ കൊലക്കളമാക്കി മാറ്റിയ മുഖ്യമന്ത്രിയ്ക്കും സിപിഎം ക്രിമിനല്‍ðസംഘത്തിനുമെതിരെയാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. പ്രസ്താവനയിലാണ് അദ്ധേഹം ഇത് പറഞ്ഞത്.
കണ്ണൂരില്‍ സിപിഎം നടത്തിയ കൊലപാതകങ്ങളെ കുറിച്ചാണ്. തന്റെ പ്രസ്താവനയിലൂടെ ഗവര്‍ണ്ണര്‍ മുഖ്യമായും ഉദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം മുതലിങ്ങോട്ടുളള കമ്മ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തെയാണ്. പഴശ്ശിരാജയുള്‍പ്പെടെയുളള മഹാത്മാക്കള്‍ നാടിനു വേണ്ടി ചെയ്ത ത്യാഗങ്ങളോടും സമര പോരാട്ടങ്ങളോടുമുളള ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഗവര്‍ണ്ണര്‍ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ ഓര്‍മ്മിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍, സിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലടക്കം സിപിഎം പ്രതിസ്ഥാനത്താണ്. ചോരപുരണ്ട, മനുഷ്യത്വ രഹിതമായ ആ കാലഘട്ടത്തെ കുറിച്ചാണ് ഗവര്‍ണ്ണര്‍ തന്റെ പ്രതികരണത്തില്‍ സൂചിപ്പിച്ചത്. അങ്ങനെയൊരു കാലഘട്ടത്തെ സൃഷ്ടിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനുളള പങ്ക് പകല്‍ പോലെ വ്യക്തമാണ്. അതിനാല്‍ ഇക്കാര്യം ഗവര്‍ണ്ണര്‍ തുറന്ന് പറഞ്ഞതില്‍ തെറ്റ് പറയാനാവില്ല. ഗവര്‍ണ്ണറെ സിപിഎമ്മിന്റെ ചട്ടുകമാക്കി മാറ്റാനാകാത്തതിലുളള അസഹിഷ്ണുതയാണ് അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചരണങ്ങളെന്ന് വ്യക്തമാണ്. എല്ലാതലത്തിലും കേരളത്തിനെക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ക്രമസമാധാനത്തിന്റെ കാര്യത്തിലും കേരളത്തേക്കാള്‍ ഏറെ മുന്നിലാണ്. അതു കൊണ്ടുതന്നെ ഉത്തര്‍പ്രദേശുകാരനായ ഗവര്‍ണ്ണറെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ സിപിഎമ്മിന് യാതൊരര്‍ഹതയുമില്ലെന്നും കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.