പൂരത്തിന് പൊലീസിനെ കയറൂരി വിടാൻ ഇത് സര്‍ സിപിയുടെ നാടാണോ?; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ. മുരളീധരൻ
തൃശൂർ: പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ തടസങ്ങള്‍ ഉണ്ടാക്കിയ പൊലീസിന്‍റെ നടപടിയില്‍ വിമർശനം കടുപ്പിച്ച് കെ.മുരളീധരൻ. പൂരത്തിന് പൊലീസിനെ കയറൂരി വിടാൻ ഇത് സർ സി.പിയുടെ നാടാണോ എന്ന് മുരളീധരൻ ചോദിച്ചു.അനാവശ്യ നിയന്ത്രണങ്ങള്‍ തൃശൂർ പൂരത്തിന്‍റെ ശോഭ കെടുത്തിയെന്ന് മുരളീധരൻ വിമർശിച്ചു.
പിണറായി പൂരം മുടക്കിയാണെന്നും ബി.ജെ.പിക്ക് വോട്ട് വാങ്ങികൊടുക്കുന്ന ആളെന്നും മുരളീധരൻ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ വിമർശിക്കാൻ നരേന്ദ്ര മോദിക്ക് അവസരം കൊടുത്തത് പിണറായി ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസിന്‍റെ അമിതാധികാര പ്രയോഗത്തില്‍ തൃശൂർ പൂരത്തിന്‍റെ രാത്രി പൂരവും വെടിക്കെട്ടും അലങ്കോലപ്പെട്ട സംഭവത്തില്‍ ഇന്നലെ രൂക്ഷ വിമർശനമാണ് കെ. മുരളീധരൻ നടത്തിയിരുന്നത്.
ആദ്യമായി പൂരം നടത്തുന്നത് പോലെയായി കാര്യങ്ങള്‍. തോന്നുന്ന ദിക്കില്‍ ബാരിക്കേട് കെട്ടുക, ആളുകളെ കയറ്റാതിരിക്കുക. ഇതാണ് പൂരത്തിന് സംഭവിച്ചത്. പൊലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ എന്ന് മുരളീധരൻ ചോദിച്ചു. ജനങ്ങള്‍ ആത്മസംയമനം പാലിച്ചെന്നും പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചെന്നും അദ്ദേഹം പറഞ്ഞു.