ലഖ്നൗ: വോട്ടിങ് മെഷീനില്‍ തിരിമറി നടക്കാതെ, രാജ്യത്ത് നീതിപൂര്‍ണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് 180 സീറ്റില്‍ അധികം നേടാന്‍ കഴിയില്ലെന്ന് എ.ഐ.സി.സി.
ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശിലെ സഹരണ്‍പുരില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക.
400 സീറ്റില്‍ അധികം നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ പ്രിയങ്ക ചോദ്യംചെയ്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് 400-ല്‍ അധികം സീറ്റ് നേടുമെന്ന് അവര്‍ പറയുന്നത്? അവര്‍ ജോത്സ്യന്മാരാണോ? ഒന്നുകില്‍ അവര്‍ നേരത്തെതന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകണം, അതുകൊണ്ടാകാം നാനൂറില്‍ അധികം സീറ്റ് നേടുമെന്ന് പറയുന്നത്. അല്ലാത്തപക്ഷം, എങ്ങനെയാണ് നാനൂറ് സീറ്റ് നേടുമെന്ന് അവര്‍ക്ക് പറയാന്‍ കഴിയുക? ഇന്ന് രാജ്യത്ത് വോട്ടിങ് മെഷീനില്‍ ക്രമക്കേട് കാണിക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പിക്ക് 180-ല്‍ അധികം സീറ്റുകള്‍ നേടാനാകില്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. വാസ്തവത്തില്‍ 180-ല്‍ കുറവ് സീറ്റുകളേ അവര്‍ക്ക് നേടാനാകൂ, പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ബി.ജെ.പി. നേതാക്കള്‍ക്കുമെതിരേ അതിരൂക്ഷ വിമര്‍ശനവും പ്രിയങ്ക ഉന്നയിച്ചു. തൊഴിലില്ലായ്മയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും ബി.ജെ.പി. സംസാരിക്കുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. കര്‍ഷകരും സ്ത്രീകളും നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളേക്കുറിച്ച് അവര്‍ സംസാരിക്കുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള സംഭാഷണങ്ങള്‍ മാത്രമാണ് നടക്കുന്നത്, പ്രിയങ്ക കുറ്റപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രില്‍ 19-നാണ് സഹരണ്‍പുരില്‍ പോളിങ്. ഇമ്രാന് മസൂദാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി.ജെ.പിക്കു വേണ്ടി രാഘവ് ലഖന്‍പാലും ബി.എസ്.പിക്കു വേണ്ടി മജീദ് അലിയും രംഗത്തുണ്ട്.