കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ഖാദി സിൽക്ക് ഫെസ്റ്റ് തുടങ്ങി. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ്, ജില്ലാ പ്രൊജക്റ്റ് ഓഫീസർ കെ ജിഷ, വില്ലജ് ഇൻഡസ്ട്രീസ് ഓഫീസർ കെ വി ഫാറൂഖ്, അസിസ്റ്റന്റ് രജിസ്ട്രാർ ഷോളി ദേവസ്യ, ജൂനിയർ സൂപ്രണ്ട് മാരായ ദീപേഷ് നാരായണൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. ഖാദി സിൽക്ക് സാരി, ഷർട്ടിങ്ങുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, പയ്യന്നൂർ പട്ട്, മറ്റ് ഖാദി തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. 30 ശതമാനം റിബേറ്റ് ലഭിക്കും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഖാദി നൂൽ ഉപയോഗിച്ച് തീർത്തും പരിസ്ഥിതി സൗഹാർദമായ വിവിധ നിറങ്ങളിലുള്ള ഖാദി മാലകൾ വിപണിയിലിറക്കി. വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമായ ചുവപ്പ്, പച്ച, കുങ്കുമം, ത്രിവർണം എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ മാലകൾ ലഭ്യമാണ്.