പത്തനംതിട്ട: കോണ്‍ഗ്രസ് സമരാഗ്നി ജാഥയ്ക്കിടെ പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് രാവിലെ പത്ത് മണിക്ക് പത്തനംതിട്ട ഡിസിസി ഓഫീസിലായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിന് വിഡി സതീശന്‍ എത്താന്‍ വൈകിയതിന് സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയിരുന്നത് വിവാദമായിരുന്നു.
ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിച്ച സുധാകരന്‍ അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധാകരന്‍ കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ താനും സതീശനുമായി യാതൊരു പ്രശ്നവുമില്ലെന്നും ജ്യേഷ്ഠാനുജന്‍മാരെപ്പോലെയാണെന്നും മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ വിശദീകരണം.
അതേസമയം, കെ സുധാകരന്‍ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളില്‍ വിവാദത്തിന് സ്ഥാനമില്ലെന്നായിരുന്നു സുധാകരന്റെ വിശദീകരണത്തിന് പിന്നാലെ സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും സുധാകരേട്ടന്‍ പറഞ്ഞ ആ വാക്കുതന്നെ പറയും. നിങ്ങളാണെങ്കിലും അതുതന്നെ പറയും. താനും സുധാകരനും ജ്യേഷ്ഠാനുജന്‍മാരെപ്പോലെയാണെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്നതാണു നടന്നത്. നിങ്ങളാണെങ്കിലും അതുതന്നെ പറയുകയുള്ളു. നിങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. ആദ്യം വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന സമയത്തില്‍നിന്നു വൈകി ഒരാള്‍ കാത്തിരിക്കുമ്പോള്‍ പറയുന്നതാണത്. ഒരാള്‍ കാത്തിരുന്നാല്‍ അസ്വസ്ഥനാകില്ലേ?സതീശന്‍ മാധ്യമങ്ങോട് ചോദിച്ചു.