കണ്ണുർ: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൻ്റെ മണ്ണിൽ ഗംഭീര വരവേൽപ്പ്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സുരേന്ദ്രൻ കണ്ണൂരിലെ പര്യടനം ആരംഭിച്ചത്. തയ്യിൽ കടപ്പുറത്തെ പ്രവർത്തകരോടൊപ്പമായിരുന്നു സുരേന്ദ്രൻ്റെ പ്രാതൽ. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പരിപാടിയിലും സാമൂഹിക-സാംസ്കാരിക നേതാക്കളുടെ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പാർട്ടി പ്രവർത്തകരെയും ജാഥാനായകൻ സന്ദർശിച്ചു. വൈകീട്ട് മൂന്ന് മണിക്ക് ടൗൺ സ്ക്വയറിൽ നടന്ന വമ്പൻ സമ്മേളനം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പേർ അണിനിരന്ന കേരള പദയാത്ര ജനങ്ങളുടെ ഹാർദ്ദമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുതിയതെരുവിൽ സമാപിച്ചു.
പദയാത്ര കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന് സുരേഷ്ഗോപി
കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി. കേരള പദയാത്രയിൽ വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികൾ നാടിനെ തകർക്കുകയാണ്. ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആർക്കെതിരെയും കേസെടുക്കുന്ന സർക്കാരാണിത്. കോൺഗ്രസിൽ ജനകീയരായ നേതാക്കൾക്ക് അധികകാലം നിൽക്കാനാവില്ല. കോൺഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സർക്കാരാണിത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്. സ്ത്രീ സമത്വം നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു എംഎൽഎ പോലും ഇല്ലാത്ത കേരളത്തിൽ മാത്രം കോടികളാണ് എൻഡിഎ സർക്കാർ അനുവദിച്ചത്. പിഎം കിസാൻ പദ്ധതി പ്രകാരം കർഷകരുടെ അക്കൗണ്ടിൽ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു.
സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി അഖിലേന്ത്യാ വൈസ്പ്രസിഡൻ്റ് എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ പികെ കൃഷ്ണദാസ്, സികെ പദ്മനാഭൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൈലി വാത്യാട്ട്, ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എംഎൻ ഗിരി, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, കെ.ശ്രീകാന്ത്, കണ്ണൂർ ജില്ലാപ്രസിഡൻ്റ് എൻ.ഹരിദാസ്, ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളായ എ.ദാമോദരൻ, പികെ വേലായുധൻ, കാമരാജ് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി ജില്ലാ ജന.സെക്രട്ടറിമാരായ ബിജു എലക്കുഴി, എം ആർ സുരേഷ് എന്നിവർ സംസാരിച്ചു.