കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ടും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന ‘കേരള പദയാത്ര’ 29 ന് കണ്ണൂരില്‍ പര്യടനം നടത്തുമെന്ന് എന്‍ഡിഎ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ‘മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം.
രാവിലെ 7.00 ന് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ കെ. സുരേന്ദ്രന്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് ഒന്‍പത് മണിക്ക് തയ്യിലുള്ള മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ കൂടെ പ്രഭാതഭക്ഷണം കഴിക്കും. 9.30 ന് പള്ളിക്കുന്ന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളിലെ ഗുണഭോക്തൃ സംഗമത്തില്‍ പങ്കെടുക്കും . 12 മണിക്ക് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയില്‍ അദ്ദേഹം സംസാരിക്കും. പദയാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം സംവദിക്കും.
പദയാത്രയോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ പ്രോഗ്രാം ടൗണ്‍ സ്‌ക്വയറില്‍ രണ്ട് മണിക്കാരംഭിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പദയാത്ര ഒദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പാര്‍ട്ടിയില്‍ പുതുതായി ചേരുന്ന ആയിരത്തോളം പേര്‍ക്ക് ചടങ്ങില്‍ വെച്ച് അംഗത്വം നല്‍കും.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസന-ജനക്ഷേമ പദ്ധതികളില്‍ അംഗമാവാനുള്ള അവസരം കേരള പദയാത്രയില്‍ ഒരുക്കും. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്‌ക്കുകളുണ്ടാവും. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ടാബ്ലോ, കലാരൂപങ്ങള്‍ എന്നിവ പദയാത്രയില്‍ പ്രദര്‍ശിപ്പിക്കും.
കാല്‍ടെക്‌സ്, താവക്കര, പ്ലാസ ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്‍ഡ്, തെക്കി ബസാര്‍ വഴി പുതിയതെരുവില്‍ സമാപിക്കും. പദയാത്രയില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അണിചേരും. തുടര്‍ന്ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലെ 14 സംഘടന മണ്ഡലങ്ങളിൽ നിന്നായി ബിജെപിയുടെ നേതാക്കളും പുറമെ സഖ്യ കക്ഷികളുടെ നേതാക്കളും പദയാത്രയിൽ അണിനിരക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ സി. രഘുനാഥ്, ലോക്‌സഭാ മണ്ഡലം കൺവീനർ ബിജു ഏളക്കുഴി, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പദയാത്ര സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ കെ.കെ. വിനോദ് കുമാര്‍, ജില്ല ജനറൽ സെക്രട്ടറി എം.ആര്‍. സുരേഷ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ജില്ല വൈസ് പ്രസിഡണ്ട് ശ്രീധരൻ കാരാട്ട് എന്നിവര്‍ പങ്കെടുത്തു.