ജബല്‍പൂര്‍: അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് എന്ന ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പ്രമുഖ ചലച്ചിത്ര നടിയും സിനിമയിലെ നായികയുമായ നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതികളിലാണ് നടപടി. നയന്‍താരയ്ക്ക് പുറമേ അന്നപൂരണിയുടെ സംവിധായകന്‍ നീലേഷ് കൃഷ്ണ, നിര്‍മാതാക്കള്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അന്നപൂരണി സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലൗ ജിഹാദ് പ്രോല്‍സാഹിപ്പിക്കുകയും ചെയ്‌തെന്നും ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. നേരത്തേ ഹിന്ദുത്വസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നമസ്‌കരിക്കുന്നതും ബിരിയാണി ഉണ്ടാക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. നേരത്തേ മുംബൈ പോലിസും സിനിമയ്‌ക്കെതിരേ കേസെടുത്തിരുന്നു. രമേഷ് സോളങ്കി എന്നയാള്‍ മുംബൈയിലെ എല്‍ടി മാര്‍ഗ് പോലിസില്‍ നല്‍കിയ പരാതിയിലാണ് നയന്‍താര, സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ്, നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിരുന്നത്. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 29നാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്.