കോഴിക്കോട്: അമിതാധികാരത്തിനെതിരെ രാഷ്ട്രീയ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനു എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് രാഷ്ട്രീയത്തിലെയും അധികാരത്തിന്റെയും മൂല്യച്യുതിയെ കുറിച്ച് ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ വിമർശനം ഉന്നയിച്ചത്. ഇഎംഎസിന്റെയും എഴുത്തുകാരായ ഗോർക്കിയുടെയും ചെഖോവിന്‍റെയും വാക്കുകൾ കൂടി ഉദ്ധരിച്ചായിരുന്നു എംടിയുടെ പ്രസംഗം.ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും എം ടി കെ എൽ എഫ് ഉദ്ഘാടന വേദിയിൽ എം ടി ചൂണ്ടിക്കാണിച്ചു.
‘ഇ. എം എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി, അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല, അതാണ് ഇഎംഎസിനെ മഹാനായ നേതാവ് ആക്കിയത്. നേതൃപൂജകളിൽ അദ്ദേഹത്തെ കാണാത്തതിന് കാരണവും അതുതന്നെ. നേതാവ് ഒരു നിമിത്തം അല്ല ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് എന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണം’