ഇംഫാല്‍: മണിപ്പൂരിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മണിപ്പൂര്‍ പോലിസും സായുധരും തമ്മില്‍ ഈയിടെ വെടിവയ്പുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ റാലിക്ക് അനുമതി നല്‍കുന്നത് സജീവ പരിഗണനയിലാണെന്നും വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്ന് റിപോര്‍ട്ടുകള്‍ തേടിയിട്ടുണ്ടെന്നും ലഭിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. അസം റൈഫിള്‍സിന്റെയും ബിഎസ്എഫിന്റെയും സംസ്ഥാന പോലിസിന്റെയും സംയുക്ത നീക്കത്തിലൂടെ സായുധരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത നീക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സര്‍ക്കാരില്‍ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഈയിടെ പറഞ്ഞിരുന്നു.