കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. അവസാന നിമിഷം വരെ നീണ്ട് നിന്ന് വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂര്‍ കലാ കിരീടം സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുത്തമിടുന്നത്. കലോത്സവം തുടങ്ങിയത് മുതല്‍ കണ്ണൂര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്.
കണ്ണൂര്‍ 952 പോയന്റ് നേടിയപ്പോള്‍ കോഴിക്കോടിന് 949 പോയന്റ് ആണ് ലഭിച്ചത്. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ കിരീടം സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പാണ് വിജയികള്‍ക്ക് ലഭിക്കുക. മൂന്നാം സ്ഥാനത്ത് എത്തിയ പാലക്കാടിന് 938 പോയന്റ് ലഭിച്ചു. കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് ഉദ്ഘാടനം ചെയ്യുക.
നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. തൃശൂര്‍ (925), മലപ്പുറം (913), കൊല്ലം (910), എറണാകുളം (899), തിരുവനന്തപുരം (870), ആലപ്പുഴ (852), കാസര്‍കോട് (846), കോട്ടയം (837), വയനാട് (818), പത്തനംതിട്ട (774), ഇടുക്കി (730) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്റ്നില ..
സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (249 പോയന്റ്) ആണ് ഒന്നാമത്.
തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനം നേടി..
അതേസമയം അടുത്ത കലോത്സവം എവിടെ എന്നത് ഇന്ന് പ്രഖ്യാപിക്കില്ല. ഒന്നിലധികം ജില്ലകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട് എന്നും ചില എം എല്‍ എമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂ.
2024-25 വര്‍ഷത്തെ കലോത്സവങ്ങള്‍ പുതിയ ചട്ടം അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന് ഏകദേശം 7 മാസമെടുക്കും. അതിന് മുന്നോടിയായി കരട് ചട്ടം തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനാണ് സമാപനമായത്.
അതേസമയം നാളെ കണ്ണൂരില്‍ വിജയികള്‍ക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിലാണ് സ്വീകരണം.