കണ്ണൂർ: ശബരിമലയിൽ ഹിന്ദു സംഘടകളുടെ വളണ്ടിയർമാരെ സേവനത്തിന് അനുവദിക്കണമെന്ന ദേശീയ ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിയുടെ ആവശ്യം വിവാദമാകുന്നു. സംസ്ഥാനത്തെ ഹജ് എംബാ ർക്കേഷൻ പോയിന്റുകളിൽ മുസ്ലിം സന്നദ്ധ സംഘടകളുടെ നേതാക്കൾക്കും പ്രവർത്തകർക്കും സേവനത്തിനനുമതിയുണ്ട്. പിന്നെന്തു കൊണ്ട് ഹിന്ദു സംഘടകൾക്ക് ശബരിമലയിൽ നിരോധനമെന്നാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുല്ലക്കുട്ടിയുടെ ചോദ്യം. മാറാട് അയ്യപ്പ വിളക്ക് സദസ് ഉദ്ഘാടനം ചെയ്യവെയാണ് ഈ വിവാദ പ്രസംഗം.
വിവിധ മുസ്ലിം സംഘടനകളാണ് അബ്ദുലക്കുട്ടിക്കെതിരെ രംഗത്തു വന്നിട്ടുള്ളത്. ഹജ് കമ്മിറ്റി ചെയർമാനായിരിക്കെ ഈ ആവശ്യം അനുചിതമാണെന്ന് അവരഭിപ്രായപ്പെടുന്നു. പദവിയുടെ അന്തസ് കളഞ്ഞു കുളിച്ച് തനി ആർ.എസ്.എസ് നേതാവാകാൻ അബ്ദുല്ലക്കുട്ടി ശ്രമിക്കുകയാണെന്ന് അവരാരോപിക്കുന്നു. ആർ.എസ്.എസോ മറ്റു തീവ്ര ഹിന്ദു സംഘനകളോ പോലും ഇത്തരം ആവശ്യമുന്നയിച്ചിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാരും ദേവസ്വം ബോർഡും അയ്യപ്പന്മാരോടും ഹജിന് പോകുന്നവരോടും രണ്ടു നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസംഗത്തിൽ അബ്ദുല്ലക്കുട്ടി ആരോപിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ ഹിന്ദു, മുസ്ലിം സംഘടനകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഹാജിമാർക്കുള്ള ഹജ് കമ്മിറ്റിയുടെ ബാഗും കുടയുമൊക്കെ നിർത്തലാക്കിയിരുന്നു.
സി.പി.എം എം.പിയായിരുന്ന അബ്ദുല്ലക്കുട്ടി കോൺഗ്രസിലൂടെ എം.എൽ.എ ആയി. പിന്നീടാണ് ബി.ജെ.പിയിലെത്തിയത്.