വൈതലിനെ
ടൂറിസം വകുപ്പുകാർ പൈതലാക്കിയശേഷവും
അതിന്റെ ഗാംഭീര്യത്തിനൊന്നും ഒട്ടും കുറവു വന്നിട്ടില്ല. വശ്യത വർധിച്ചിട്ടേയുള്ളു.
ഇടക്കിടെ സന്ദർശിക്കാറുള്ളവരെപ്പോലും
ഏതൊക്കെയോ അപരിചിത സാനുക്കളുടെ മട്ടിൽ മറിമായങ്ങൾ പുറത്തെടുത്ത് , അവരുടെ സന്ദർശനങ്ങളെ
പുതുക്കിക്കൊടുക്കുന്ന വൈതൽമലയുടെ സിദ്ധി അപാരമാണ്.
അനുഭൂതിയുടെ തരംഗങ്ങളുണർത്തുന്ന
താഴ് വേദികൾ
കോടക്കാറ്റിന്റെ വിസ്തൃതമായ വസ്ത്രം മാറ്റിമാറ്റിയുടുക്കുന്നു;
ഗിരിവടിവുകളുടെ
നഗ്നനിഗൂഢതകൾ സ്നാനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.മഴയെന്ന ഇടവേളകളിൽ വിശേഷിച്ചും.
കാറ്റിന്റെ ഇന്ദ്രജാലങ്ങളും
പച്ചപ്പിന്റെ മിഴിയോളങ്ങളും
ശാലീനത നിവർത്തുന്ന മഴനടനങ്ങളും
കോടക്കാറ്റുകളുടെ രംഗപ്പകർച്ചകളും
നമ്മുടെ രൂപഭാവങ്ങളെ അടിമുടി അതിസാന്ദ്രമാക്കുകയാണ്.
ശരീരത്തെ സ്ഥലകാലപരിധിയിൽ നിന്ന് മാറ്റി നിർത്തുന്ന അതീന്ദ്രിയതയെപ്പറ്റിയൊക്കെ
പറഞ്ഞു പോകും.
സീതയുടേയും രാമന്റേയും വനവാസ ജീവിതത്തിന്റെ സുകൃതത്തെ പറ്റി നമ്മൾ വാചാലമാകും..
ഭൗമഭാവത്തെ അതിന്റെ പുരാവൃത്തങ്ങളുമായി ബന്ധിപ്പിക്കുന്ന
എന്തോ ഒന്ന് , കാടും പർവതസീമകളും രാഗമീട്ടുന്ന
വൈതൽമലയിൽ പ്രസരിക്കുന്നുണ്ടെന്നത് തീർച്ച.
നോക്കിക്കൊണ്ടിരിക്കെ,
നമ്മുടെ മുന്നിൽ
തെന്നിമായുകയാണ് ,മറ്റെവിടേക്കോ ഭൂതലം. ശേഷം ചുറ്റും തെളിയുന്നത് മറ്റേതോ ഭൂഗ്രഹം.
അവിടേക്ക് നിങ്ങളും പോകൂ.. കാഴ്ചയല്ല, അനുഭൂതിയാണ് നിങ്ങളെ കാത്തിരിക്കുന്നത്.