കണ്ണൂര്‍: മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് – മുസ്ലീംലീഗ് തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടിയുടെയും നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനം അനിശ്ചിതമായി നീളുന്നതില്‍ മുസ്ലിം ലീഗ് അണികളില്‍ അസ്വസ്ഥത. മാസങ്ങൾക്ക് മുമ്പ്
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെന്ന പ്രതിപക്ഷ നേതാവിന്റെ ഉറപ്പാണ് തീരുമാനമാവാതെ അനിശ്ചിതമായി നീളുന്നത്. സംസ്ഥാനമാകെ നിറഞ്ഞ പല പ്രശ്നങ്ങളുമായും ബന്ധപ്പെട്ടാണ് തീരുമാനം നീളുന്നതെന്ന് ഇരുവിഭാഗവും പറയുന്നുണ്ടെങ്കിലും ലീഗണികള്‍ അമര്‍ഷത്തിലാണ്.
ഗസ്റ്റ് ഹൗസിലെ ചര്‍ച്ചക്ക് ശേഷം ജില്ലാ ലീഗ് ആസ്ഥാനത്ത് നടന്ന കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നടന്ന യോഗത്തില്‍ മൂന്ന് മാസം കൂടി മേയര്‍ സ്ഥാനത്ത് കോണ്‍ഗ്രസ് തുടരുമെന്നും അതിന് ശേഷം ലീഗിനും എന്നുള്ള ധാരണയിലാണെത്തിയെന്നുമാണ് നേതൃത്വം വിശദീകരിച്ചിരുന്നത്. കൂടാതെ അധികമായി ഒരു സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം ലഭിക്കുമെന്നുള്ള ഉറപ്പു ലഭിച്ചതായും പറഞ്ഞിരുന്നു. ഈ യോഗത്തിനു ശേഷമായിരുന്നു ലീഗ് ജില്ലാ പ്രസിഡണ്ടും ഡെപ്യൂട്ടി മേയറും ഉള്‍പ്പെട്ടെയുള്ളവര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടന്ന കോര്‍പറേഷന്റെ പരിപാടിയിലെത്തിയത്. മൂന്നു മാസത്തിനു ശേഷം അധികാരകൈമാറ്റം ഉണ്ടാകും എന്ന് ലീഗ് നേതൃത്വം അണികളെ ധരിപ്പിക്കുന്നുണ്ടെങ്കിലും ജനുവരിയില്‍ മാത്രമേ മേയര്‍ സ്ഥാനത്ത് മാറ്റം ഉണ്ടാവുകയുള്ളു എന്നാണ് കോണ്‍ഗ്രസിനുള്ളിലുള്ള സംസാരം.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് വരുമെന്ന് കരുതുന്ന അഡ്വ.പി ഇന്ദിര നിലവില്‍ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ലീഗിന് കൈമാറുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ട പി കെ രാഗേഷ് കൈകാര്യം ചെയ്യുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്നുള്ള നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എതായാലും കെ പി സി സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയുടെ പുറത്ത് വരാനിരിക്കുന്ന തീരുമാനം അണികള്‍ ഏത് രീതിയില്‍ ഉള്‍ക്കൊള്ളും എന്ന കാത്തിരിപ്പിലാണ് ജില്ലാ ലീഗ് നേതൃത്വം. ആശങ്കകള്‍ അകറ്റി യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ തന്നെ കണ്ണൂരില്‍ മേയര്‍ കൈമാറ്റത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.