മട്ടന്നൂരിലും കണ്ണൂരിലും മഹാസമ്മേളനങ്ങള്‍
കണ്ണൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാണിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ജില്ലയില്‍ നല്‍കുന്ന സ്വീകരണത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പത്രസമ്മേളനത്തിൽ അറിയിച്ചു. 9ന് കാസര്‍കോട് നിന്ന് പ്രയാണമാരംഭിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര 10ന് കണ്ണൂര്‍ ജില്ലയിലെത്തും. 10ന് ഉച്ചകഴിഞ്ഞ് 2.30ന് കരിവെള്ളൂര്‍ ആണൂരില്‍ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സമരാഗ്നി ജാഥയെ സ്വീകരിക്കും. പയ്യന്നൂര്‍, തളിപ്പറമ്പ്, ചിറവക്ക് വഴി ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, മട്ടന്നൂര്‍ കോളേജ് വഴി മട്ടന്നൂര്‍ ടൗണിലേക്ക് പ്രക്ഷോഭയാത്ര നീങ്ങും. ജില്ലയിലെ ആദ്യത്തെ മഹാസമ്മേളനം നടക്കുക മട്ടന്നൂര്‍ ടൗണിലാണ്. മട്ടന്നൂര്‍ സര്‍ക്കിളില്‍ നിന്ന് യാത്രയെ സ്വീകരിച്ചാനയിക്കും മട്ടന്നൂരില്‍ പൊതുയോഗത്തിനു ശേഷം യാത്ര കണ്ണൂര്‍ ടൗണിലേക്ക് നീങ്ങും. വൈകുന്നേരം കാല്‍ടെക്‌സില്‍ നിന്നുമാരംഭിക്കുന്ന സ്വീകരണറാലി പൊതുസമ്മേളനം നടക്കുന്ന കലക്ട്രേറ്റ് മൈതാനിയില്‍ എത്തിച്ചേരും. കോണ്‍ഗ്രസിന്റെ ദേശീയനേതാക്കളും യുഡിഎഫിന്റെ പ്രമുഖനേതാക്കളും സമരാഗ്നി ജാഥാപൊതുയോഗങ്ങളില്‍ പങ്കെടുക്കും. 11 ന് രാവിലെ 9.30ന് കണ്ണൂര്‍ പയ്യാമ്പലത്തെ ഹോട്ടല്‍ പാംഗ്രൂവില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പങ്കെടുക്കുന്ന ജനകീയ ചര്‍ച്ചാസദസ് നടക്കും. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്ത ശേഷം ഉച്ചയ്ക്ക് 12 മണിക്ക് നേതാക്കള്‍ മാധ്യമങ്ങളെ കാണും.
ജില്ലയില്‍ രണ്ടു മഹാസമ്മേളനങ്ങളാണ് മട്ടന്നൂരിലും കണ്ണൂരിലുമായി നടക്കുക. സമരാഗ്നി പ്രക്ഷോഭയാത്രയുടെ അവസാനവട്ട ഒരുക്കങ്ങള്‍ സംഘാടകസമിതി വിലയിരുത്തി. ഫെബ്രുവരി എട്ടിന് ജില്ലയിലെ 132 മണ്ഡലങ്ങളിലും വിളംബരജാഥകള്‍ നടത്തും. സമരാഗ്നി യാത്രയുടെ പ്രചാരണാര്‍ത്ഥം ജില്ലയിലുടനീളം ബോര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്. നിരവധി അനുബന്ധപരിപാടികളാണ് ഓരോ നിയോജകമണ്ഡലങ്ങളിലും പ്രാദേശികസംഘാടകസമിതികളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.
സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം സമ്മാനിക്കുന്നത്. അതിനെതിരായ ജനകീയ പോരാട്ടമായിരിക്കും സമരാഗ്‌നി പ്രക്ഷോഭയാത്ര. കേവലം ഒരു രാഷ്ട്രീയ പ്രചരണ ജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തായിരിക്കും യാത്ര കടന്നു പോവുകയെന്ന് സംഘാടകര്‍ പറഞ്ഞു.
ഡി സി സി പ്രസിഡൻ്റിനു പുറമേ നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, കെ.പ്രമോദ്, രാജീവൻ എളയാവൂർ,
വി.മാധവൻ മാസ്റ്റർ,
അഡ്വ.വി.പി. അബ്ദുൾ റഷീദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.