കണ്ണൂര്‍: പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി പിഴയീടാക്കി കണ്ണൂര്‍ കോര്‍പറേഷന്‍. പയ്യാമ്പലം അസറ്റ് ഹോമിലെ യുനൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ കൂട്ടിയിട്ട് കത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 25,000 രൂപ പിഴ ചുമത്തിയത്. ഇന്നലെ രാത്രി പള്ളിയാമൂലയില്‍ ജനവാസ മേഖലയില്‍ മാലിന്യം കത്തിക്കുന്നുവെന്ന് നാട്ടുകാര്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം പി രാജേഷിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നൈറ്റ് സ്‌ക്വാഡ് പരിസരവാസികളില്‍ നിന്നു മൊഴിയെടുക്കുകയും ഹോട്ടല്‍ കണ്ടെത്തുകയും ചെയ്തു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ അനുഷ്‌ക, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി ഹംസ, സി ആര്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൈറ്റ് സ്‌ക്വാഡാണ് നടപടിയെടുത്തത്. പൊതുസ്ഥലത്തെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും കത്തിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടി ഉണ്ടാവുമെന്നും രാത്രിയും പകലും പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ് അറിയിച്ചു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മസേനക്ക് കൈമാറണമെന്നാണ് നിയമം. പൊതു സ്ഥലത്ത് പ്ലാസ്റ്റിക് ആണെങ്കിലും കടലാസ് ആണെങ്കിലും തീയിടുന്നത് ഇത്തരത്തില്‍ പിഴ അടയ്‌ക്കേണ്ട കുറ്റമായി മാറിയിട്ടുണ്ട്.