ഗസ: ഹമാസിന്റെ ടണല്‍ തകര്‍ക്കാനുള്ള സ്‌ഫോടകശേഖരം പൊട്ടിത്തെറിച്ച് ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗസയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാംപിലാണ് സംഭവം. തുരങ്കം തകര്‍ക്കുന്നത് നേരിട്ടു കാണിക്കാന്‍ വേണ്ടി ഇസ്രായേല്‍ സൈന്യം കൂടെക്കൂട്ടിയ മാധ്യമപ്രവര്‍ത്തകരുടെ കണ്‍മുന്നിലാണ് ഉഗ്രസ്‌ഫോടനം നടന്നത്. തുരങ്കം തകര്‍ക്കാനായി വിന്യസിച്ച സ്‌ഫോടകവസ്തുക്കള്‍ പ്രതീക്ഷിച്ചതിന് അരമണിക്കൂര്‍ മുമ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ സംഭവത്തില്‍ ആറ് റിസര്‍വ് എന്‍ജിനീയര്‍മാരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സേന പുറത്തുവിട്ട പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.