സിയോള്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പട്ടിയിറച്ചി വ്യവസായം നിരോധിക്കാന്‍ ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച അഅവതരിപ്പിച്ച ബില്ല് ഐക്യകണ്‌ഠ്യേന പാസായി. 208 പേരും നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്തു. പുതിയ നിയമപ്രകാരം 2027 മുതല്‍ മനുഷ്യ ഉപഭോഗത്തിനായി നായ്ക്കളെ വളര്‍ത്തുന്നതും കശാപ്പുചെയ്യുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാക്കും. ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവോ 30 ദശലക്ഷം കൊറിയന്‍ വോണ്‍(18,000 പൗണ്ട്) വരെ പിഴയോ ലഭിക്കും. ഇതിന്റെ ഭാഹമായി പുതിയ നായ ഫാമുകള്‍, അറവുശാലകള്‍, പാചകം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ഉടന്‍ നിരോധിക്കും. എന്നാല്‍, പട്ടിയിറച്ചി ഭക്ഷിച്ചാല്‍ പിഴയീടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയില്ല. ദക്ഷിണ കൊറിയയില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് നായ്ക്കളെ വളര്‍ത്തുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. ഈയിടെയാണ് ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ അടുത്ത കാലത്തായി മനോഭാവം മാറി, ആവശ്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിയോളില്‍ മൃഗാവകാശ പ്രവര്‍ത്തകര്‍ നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. പട്ടിയിറച്ചി കഴിക്കുന്നത് രാജ്യത്ത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സമ്പ്രദായമാണ്. എന്നാല്‍ ഇപ്പോള്‍ അപൂര്‍വമാണെന്നും കൂടുതലും വയോധികരാണ് ഭക്ഷിക്കുന്നതെന്നുമാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഈര്‍പ്പമുള്ള വേനല്‍ക്കാലത്ത് ശരീരബലം മെച്ചപ്പെടുത്തുമെന്നാണ് പറയുന്നത്. രാജ്യത്ത് ഏകദേശം 1,100 ഫാമുകളിലായി 5,70,000 നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്ന് 2022ല്‍ കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഏകദേശം 1,600 റെസ്‌റ്റോറന്റുകളില്‍ പട്ടിയിറച്ചി വിളമ്പുന്നുണ്ട്. നേരത്തേ, കര്‍ഷകരുടെയും റസ്‌റ്റോറന്റ് ഉടമകളുടെയും പ്രതിഷേധം കാരണം സമാനമായ പട്ടിയിറച്ചി വിരുദ്ധ നിയമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡ് നല്‍കുന്നത്. മാത്രമല്ല, വ്യാപാരത്തില്‍ നിന്ന് മാറി മറ്റു ബിസിനസുകളിലേക്ക് മാറാന്‍ പിന്തുണയും നല്‍കും.